കരുളായി ഗ്രാമ പഞ്ചായത്ത് ഔദ്യേഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഭൂമി ശാസ്ത്രം

🌍

കരുളായി ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹിക പശ്ചാത്തലവും

🌳

പ്രകൃതിയും ഭൂപ്രദേശവും

മലപ്പുറം ജില്ലയിലെ കിഴക്കനേറനാട്ടിൽ പശ്ചിമഘട്ട മലനിരകൾക്ക് താഴെ, കരിമ്പുഴക്കും വലിയ തോടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കരുളായി.

ഗ്രാമപഞ്ചായത്ത് ന്യൂ അമരമ്പലം നിശ്ചിത വനത്തിനോട് അതിരിട്ടാണ് കരുളായി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വനത്തോടും പ്രകൃതിയോടും അടുത്തിടപഴകിയാണ് കരുളായി പ്രദേശത്തെ ജനങ്ങളുടെ ജീവിതം.

🏞️

നദികളും ഫലഭൂയിഷ്ഠമായ മണ്ണും

ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളുമാണ് ഇവിടെ പ്രധാനമായും അധിവസിക്കുന്നത്. പൂർവ്വികർ കരിമ്പുഴ, ചെറുപുഴ, വലിയതോട് എന്നിവയുടെ തീരങ്ങളിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ഫലഭൂയിഷ്ഠമായ മണ്ണ് കർഷകന്റെ സ്വപ്നഭൂമിയാണ്.

ഈ മണ്ണിനോട് മല്ലിട്ട് കുടുംബം പുലർത്തിപ്പോന്ന നിരക്ഷരരും നിഷ്കളങ്കരുമായ ജനങ്ങളാണ് ഈ പ്രദേശത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമായത്.

🌱

കുടിയേറ്റവും കാർഷിക വളർച്ചയും

പല പ്രദേശങ്ങളിൽനിന്നും, പ്രത്യേകിച്ച് 1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വരവ് കരുളായിയെ പുതിയൊരു സംസ്കാരഭൂമിയാക്കി മാറ്റി.

വന്യജീവികൾ വിഹരിച്ചിരുന്ന മലഞ്ചെരുവുകളിൽ കുടിയേറ്റ കർഷകരുടെ അധ്വാനത്തിൽ റബ്ബറും, കപ്പയും, കുരുമുളകും തഴച്ചുവളർന്നു.

അതിജീവനത്തിനായുള്ള ചെറുത്തുനിൽപ്പിൽ കുടിയേറ്റക്കാർ വിജയം കണ്ടതോടെ നാട്ടുകാരായ കർഷകരും പുതിയ കൃഷിരീതികളുടെ ചുവടുപിടിച്ചു.

🤝

ഒത്തൊരുമയുടെ നാട്

കുടിയേറ്റക്കാരെന്നോ നാട്ടുകാരെന്നോ വേർതിരിച്ചറിയാൻ കഴിയാത്തവിധം എല്ലാവരേയും ഈ നാട് ഉൾക്കൊണ്ടു.

പരസ്പരം കൊണ്ടും കൊടുത്തും സഹകരിച്ചും വളരെ സൗഹാർദ്ദത്തോടെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ ഇടകലർന്ന് ജീവിക്കുന്നു.

🛖

പട്ടികവർഗ്ഗ സമൂഹം

പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെട്ട, ഇപ്പോഴും ഗുഹാവാസികളായി ചെറുകിട വനവിഭവങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന ചോലനായ്ക്കർ ഉൾപ്പെടെയുള്ള പട്ടികവർഗ്ഗ വിഭാഗക്കാർ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കൂടുതലുള്ള പ്രദേശമാണ് കരുളായി.

വനവും മനുഷ്യജീവിതവും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന സവിശേഷമായ സാമൂഹിക-ഭൗമശാസ്ത്ര പശ്ചാത്തലമാണ് കരുളായിക്കുള്ളത്.

🌿

കരുളായി — പ്രകൃതിയും മനുഷ്യനും സംസ്കാരവും ഒത്തുചേരുന്ന നാട് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലെ ഹരിതഗ്രാമം