ബജറ്റ് 2026-27
കരുളായി ഗ്രാമപഞ്ചായത്ത് 2026-27 ബജറ്റ്
കരുളായി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണ യോഗത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. ബജറ്റ് എന്നത് നിശ്ചിതമായ ലക്ഷ്യങ്ങള്‍ നിറവേറ്റുവാനുളള വിഭവങ്ങളുടെ കാര്യ ക്ഷമമായ സമാഹരണവും വിനിയോഗവും ഉറപ്പാക്കുന്ന സാമ്പത്തികാസൂത്രണമാണ്. ഭൂരിഭാഗവും കൃഷിയും അനുബന്ധ തൊഴിലുകളും ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് കരുളായി പഞ്ചായത്തില്‍ അധിവസിക്കുന്നത്. പുതിയ തലമുറയുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സമസ്ത മേഖലയിലും വികസനം എത്തിക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായ പദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്ന വികസന സങ്കല്പ്പത്തിന് സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിലും സാമൂഹ്യ വ്യവസ്ഥിതിയിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഉല്‍പ്പാദന മേഖലയുടെ നട്ടെല്ലായ കൃഷി, മണ്ണ്ജല സംരക്ഷണം, ജലസേചന പദ്ധതികള്‍, മൃഗസംരക്ഷണം മുതലായവക്കും, കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കും, പാര്‍പ്പിടം, ശുചിത്വം മാലിന്യസംസ്കരണം എന്നിവക്കും പഞ്ചായത്ത് പ്രഥമപരിഗണന നല്കുന്നു. ഉല്‍പ്പാദന, സേവന, പശ്ചാത്തല മേഖലയില്‍ നിലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, നിരാലംബരായ രോഗികള്‍, അഗതികള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവരുടെ സംരക്ഷണത്തിനും വികസനത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കൂടുതല്‍ തുക മാറ്റിവച്ച് ആ വിഭാഗത്തിന്റെ കരുതല്‍ പഞ്ചായത്ത് ഉറപ്പാക്കുന്നു.