ദുരന്ത നിവാരണ മുന്നൊരുക്കം: ആർ.ആർ.ടി അംഗങ്ങൾക്ക് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി
June 16, 2026
കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കണ്ടങ്ങാപുരം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ പ്രാദേശിക തലത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ട ആർ.ആർ.ടി അംഗങ്ങളുടെ പങ്കാളിത്തം ഏറെ നിർണായകമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാൻ ഇ.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ നടപടികൾ, രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ആധുനിക മാർഗ്ഗങ്ങൾ, പ്രഥമശുശ്രൂഷ നൽകേണ്ട രീതികൾ എന്നിവയിൽ എൻ.ഡി.ആർ.എഫ് സംഘം അംഗങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകി.
ചടങ്ങിൽ വിവിധ വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന ക്ലബ്ബ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ദുരന്തമുഖങ്ങളിൽ ജീവൻ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും ഇത്തരം പരിശീലനങ്ങൾ ഏറെ സഹായകരമാകുമെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.