ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പൂര്‍വ്വകാലത്ത് ഈ ഭൂപ്രദേശം മുഴുവൻ നിലമ്പൂർ , അമരമ്പലം എന്നീ കോവിലകങ്ങളുടെയും ചെമ്മന്തിട്ട ദേവസ്വത്തിന്റെയും കൈവശത്തിലായിരുന്നു. മാവൂരടുത്തുള്ള പെരുവയല്‍ ആസ്ഥാനമായുണ്ടായിരുന്ന നാടുവാഴി കുടുംബമായിരുന്നു അള്ളിയില്‍ ഇടം. ഇവിടുത്തെ കാരണവന്‍മാര്‍ അങ്ങുന്നമാര്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇക്കൂട്ടരാണ് ചെമ്മന്തിട്ട ഭഗവതീക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. സാങ്കല്പികമായി ഭഗവതിയെ കുടിയിരുത്തിയ ഈ സ്ഥലത്തിന്റെ പേര്‍ ചെമ്മന്തട്ടകം എന്നായിരുന്നു. തട്ടകം എന്നാല്‍ സ്ഥലം എന്നാണര്‍ത്ഥം. ദശകങ്ങള്‍ക്കു മുമ്പ് വയലുകള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഒരുപറ്റം കൃഷിക്കാര്‍ മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നീ പ്രദേശങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറിപാര്‍ത്തു. ഇവരും ഇവരുടെ പണിയാളന്‍മാരുമായ പണിയര്‍, ചെറുമക്കള്‍, കണക്കന്‍മാര്‍, അറനാടന്‍മാര്‍ എന്നീ പട്ടികവര്‍ഗക്കാരുമാണ് ഈ പ്രദേശത്തെ ആദ്യതാമസക്കാര്‍. എന്നാല്‍ ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടസാനുക്കളില്‍ ഇടതിങ്ങി നില്‍ക്കുന്ന വനപ്രദേശത്ത് അതിനും മുമ്പേ ജീവിച്ചുപോന്നിരുന്ന ആദിമമനുഷ്യര്‍ ഇന്നുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നായ്ക്കന്‍മാര്‍, ചോലനായ്ക്കന്‍മാര്‍, മലമുത്തന്‍മാര്‍, പണിയര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മനുഷ്യരാണ് യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ പൂര്‍വ്വികര്‍ എന്നു പറയാം. ഈ ഗുഹാമനുഷ്യരില്‍ അധികവും ഇന്നും അവരുടെ പ്രാകൃതജീവിതം തുടര്‍ന്നുപോരുന്നവരാണ്. ഇന്ത്യയിലെങ്ങുമുള്ള നവവംശശാസ്ത്രജ്ഞന്‍മാരുടെ (ആന്ത്രോപോളജിസ്റ്റ്) പഠനകേന്ദ്രമാണ് ഇന്നും ഈ വനപ്രദേശം. ഈ വനത്തിനുള്ളില്‍ അതിപുരാതനകാലത്ത് സംസ്കാര സമ്പന്നമായ ഒരു ജനാധിവാസം നിലനിന്നിരുന്നുവെന്നതിന്‍ ധാരാളം തെളിവുകളുണ്ട്. പാണ്ടന്‍കുളം, പോത്തക്കുളം, കല്ലേംകുളം എന്നീ പേരുകളിലറിയപ്പെടുന്ന പുരാതന കുളങ്ങളും നിരവധി അമ്പലങ്ങളും കിണറുകളും അവയുടെ പടവുകളുമെല്ലാം വനത്തിനുള്ളില്‍ അങ്ങിങ്ങായി ആരേയും ആകര്‍ഷിക്കുന്ന നിലയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എഴുത്തുകല്ല് എന്നറിയപ്പെടുന്ന ശിലാലിഖിതം പാലിഭാഷയിലുള്ളതാണെന്ന് ഇവിടെ സന്ദര്‍ശിച്ച പുരാവസ്തു ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കാണുന്ന താമരക്കുളങ്ങളും, മേല്‍ പ്രസ്താവിച്ച വസ്തുതകളും സൂചിപ്പിക്കുന്നത് അതിപുരാതനകാലത്ത് ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നു തന്നെയാണ്. വന്യജിവി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇവിടുത്തെ നിത്യ ഹരിതവനം വലിയ പങ്കു വഹിക്കുന്നുണ്ട്. ചുരുക്കം ചില ഇനങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ വന്യജീവികളേയും ഈ വനത്തില്‍ കാണാം. ലോകപ്രശസ്ത പക്ഷിനിരീക്ഷകനായ ഡോക്ടര്‍ സലിംഅലി പല തവണ ഈ വനം സന്ദര്‍ശിക്കുകയും പക്ഷിനിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ആനയെ പിടിച്ചു മെരുക്കി പരിശീലനം നല്‍കിയിരുന്ന നെടുങ്കയത്തെ ആനപ്പന്തികള്‍ ഇന്നും ടൂറിസ്റ്റുകളെ ആകര്‍ഷിച്ചുവരുന്നു. നെടുങ്കയം അതിമനോഹരമായ ഒരു പ്രദേശമാണ്. ഒരുവശത്തുകൂടെ ചെറുപുഴയും മറുവശത്തുകൂടെ കരിമ്പുഴയും ഒഴുകുന്ന ഈ പ്രദേശത്തേക്ക് കടക്കാന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ 1931-ലും 1933-ലുമായി നിര്‍മ്മിച്ച ഇരുമ്പുപാലങ്ങള്‍ ഒരു ശക്തിക്ഷയവും സംഭവിക്കാതെ ഇന്നും ഭദ്രമായി നിലനില്‍ക്കുന്നു. ചരിത്രപ്രധാനമായ മാപ്പിളലഹള എന്ന മലബാര്‍ കലാപത്തില്‍ ഈ ഗ്രാമവും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. 1921-ല്‍ നടന്ന പ്രസ്തുത ലഹളയില്‍ ഈ പഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശം കേന്ദ്രമാക്കിയായിരുന്നു സമരസേനാനികള്‍ പ്രവര്‍ത്തിച്ചിരുന്നത്. കലാപകാരികള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ മൊടവങ്ങലുവന്‍ ഉണ്ണിത്തറിയെ കീഴടങ്ങാന്‍ വിസ്സമ്മതിച്ചതിന്‍ പട്ടാളം വെടിവെച്ചു കൊന്നത് ഇവിടെ വച്ചാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടാണ് ഇവിടെയും കലാപമുണ്ടായത്. 1948-കാലത്ത് തിരുവിതാംകൂറില്‍ നിന്നും വന്നത്തിയ പ്ളാവുങ്കൽ അച്ചന്‍, തിരുവിതാംകൂറില്‍ നിന്നും കുറെ ക്രിസ്ത്യൻ കുടുംബങ്ങളെ കൊണ്ടുവന്ന് താമസിപ്പിക്കാന്‍ അന്നത്തെ നിലമ്പൂര്‍ കോവിലകം കുടുംബാംഗവുമായിരുന്ന ഏട്ടന്‍ രാജയോട് അല്‍പ്പം ഭൂമി അനുവദിച്ചു വാങ്ങുകയും, അച്ചന്റെ നേതൃത്വത്തില്‍ 47 കുടുംബങ്ങള്‍ക്ക് 280 ഏക്കര്‍ സ്ഥലത്ത് വീടുവെച്ച് താമസിക്കാന്‍ സൌകര്യം ലഭ്യമാക്കുകയും ചെയ്തു. മഹാമനസ്കനും ഭാവനാസമ്പന്നനുമായിരുന്ന അച്ചന്‍ പ്രസ്തുത 280 ഏക്കര്‍ സ്ഥലം ഒരു മാതൃകാഗ്രാമമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള കഠിനമായ ശ്രമം നടത്തി. പള്ളി, വിദ്യാലയം, വായനശാല, കളിസ്ഥലം, റോഡ്, ചന്ത എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ആധുനികക്ഷേമ ഗ്രാമമായിരുന്നു അത്. ആ സ്വപ്നം ഏറെക്കുറെ സാക്ഷാല്‍ക്കരിക്കാന്‍ അച്ചനു സാധിച്ചു. അച്ചന്‍ ഈ ഗ്രാമത്തിന്‍ “ബഥേല്‍ കോളനി” എന്ന് നാമകരണം ചെയ്തു. ഈ കോളനിയാണ് ഇന്നത്തെ പുല്ലഞ്ചേരി ക്രിസ്ത്യന്‍ കോളനി. നിലമ്പൂര്‍ മേഖലയിലെ ആദ്യത്തെ കുടിയേറ്റമായിരുന്നു അത്. വികസനത്തിന്റെ ബാലപാഠം ഈ പഞ്ചായത്തിലെ ജനങ്ങള്‍ ആദ്യമായി ഉള്‍ക്കൊണ്ടത് ബഥേൽ കോളനിയിൽ നിന്നുമാണ്. ഈ മേഖലയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും ഈ കോളനിയിലാണ്.